
കൽപറ്റ (വയനാട്): പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബിരുദ വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ റാഗിങ്ങിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ വകുപ്പുതല നടപടികൾ ഡീനിനും അസി. വാർഡനുമെതിരെ മാത്രമാക്കി മറ്റുള്ളവരെ സംരക്ഷിക്കാൻ നീക്കമെന്ന് ആരോപണം.
അന്നത്തെ ഡീൻ ഡോ. എം.കെ. നാരായണൻ, അസി. വാർഡൻ ഡോ. കാന്തനാഥൻ എന്നിവർക്കെതിരെ നടപടി സ്വീകരിച്ച് മറ്റുള്ളവരെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞദിവസം ഇരുവർക്കുമെതിരെയുള്ള നടപടിക്ക് ബോർഡ് ഓഫ് മാനേജ്മന്റെ് അംഗീകാരം നൽകിയത് ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം.
ഡോ. എം.കെ. നാരായണനെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റി പ്രഫസറായി തരം താഴ്ത്താനും അസി. വാർഡൻ ഡോ. കാന്തനാഥന് സ്ഥലംമാറ്റവും രണ്ടുവർഷം പ്രമോഷൻ തടയലിനുമാണ് അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങുമെന്നാണ് വിവരം.
ഡോ. എം.കെ. നാരായണനെയും പൂക്കോടുനിന്ന് സ്ഥലംമാറ്റും. ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ച് വിവരം അറിയിക്കണമെന്ന് ഹൈകോടതി മൂന്നുമാസം മുമ്പ് നിർദേശം നൽകിയിരുന്നു. അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി.