
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ശുഭ്മാന്‍ ഗില്ലിന് കീഴില്‍ സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ഒക്ടോബര്‍ രണ്ടിന് അഹമ്മാദാബാദിലും പത്തിന് ദില്ലിയിലും തുടങ്ങുന്ന ടെസ്റ്റുകള്‍ക്കുളള ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കുക. സെലക്ടര്‍മാര്‍ യോഗം ചേരുക ഓണ്‍ലൈനായി. ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതിരുന്ന കരുണ്‍ നായര്‍ക്ക് സ്ഥാനം നഷ്ടമായേക്കും.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കരുണിന് ഇംഗ്ലണ്ടിനെതിരെ എട്ട് ഇന്നിംഗ്‌സില്‍ 205 റണ്‍സ് എടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 57 റണ്‍സ്. കുറഞ്ഞ റണ്‍സിനെക്കാള്‍ കരുണ്‍ പുറത്തായ രീതിയിലാണ് സെലക്ടര്‍മാര്‍ക്ക് അതൃപ്തി. കരുണിന് പകരം ടീമിലെത്താന്‍ മത്സരിക്കുന്നത് ശ്രേയസ് അയ്യരും ദേവ്ദത്ത് പടിക്കലും. എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ശ്രേയസ് പറഞ്ഞ സാഹചര്യത്തില്‍ താരം തഴയപ്പെട്ടേക്കും.