
വർഷങ്ങളായി സൗദി അറേബ്യയിൽ വിദേശ നിക്ഷേപകർക്ക് കമ്പനികളുടെ ഒരു ചെറിയ ഓഹരി മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ, കാര്യങ്ങൾ മാറാൻ പോകുകയാണ്. റെഗുലേറ്റർമാർ നിയന്ത്രണങ്ങൾ എടുത്തുകളയാൻ ഒരുങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക മുഖച്ഛായ തന്നെ മാറ്റിമറിക്കും.
ബുധനാഴ്ച, വിദേശികൾക്ക് ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാൻ അനുവദിച്ചേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതോടെ, സഊദി ഓഹരികൾ 123 ബില്യൺ ഡോളറിന്റെ കുതിപ്പാണ് നടത്തിയത്. ആഗോള മൂലധനം റിയാദിലേക്ക് കൂടുതൽ സ്വതന്ത്രമായി ഒഴുകുമെന്നതിന്റെ സൂചനയാണിത്.
ഈ വർഷാവസാനത്തിന് മുമ്പ് തന്നെ ഭൂരിപക്ഷ വിദേശ ഉടമസ്ഥാവകാശം നിലവിൽ വരുമെന്നാണ് രാജ്യത്തിന്റെ മൂലധന വിപണി അതോറിറ്റിയിലെ ഒരു ബോർഡ് അംഗം പറഞ്ഞത്. വാർത്ത പുറത്തുവന്നതോടെ എല്ലാ വ്യവസായ മേഖലകളിലും ഓഹരികൾ കുതിച്ചുയർന്നു.
ഇത് വിപണിയിലെ വെറുമൊരു കുതിപ്പാണെന്ന് തോന്നാം, എന്നാൽ ഇതിന്റെ ആഴം വേറെ ലെവലാണ്. ഇപ്പോൾ വിദേശ ഉടമസ്ഥാവകാശം 49% ആയി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആ പരിധി എടുത്തുകളഞ്ഞാൽ, കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ സാധ്യതകൾ തുറക്കപ്പെടും. ഇത് സഊദി സമ്പദ്വ്യവസ്ഥയ്ക്കും ആഗോള ധനകാര്യ വിപണിയിൽ അവരുടെ പങ്കിനും വലിയ മുതൽക്കൂട്ടാകും.