ublnews.com

വിജ്ഞാനകേരളം പദ്ധതി. മലയാളം മിഷനും കെ – ഡിസ്‌കും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു

ഷാർജ: കേരള സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി, വരുംകാല ലോകത്തിലേക്ക് കേരളത്തെ നവീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഷാർജ എക്സ്പോയിലെ മാതൃഭൂമി കോൺക്ലേവ് വേദിയിൽ മലയാളം മിഷനും കെ-ഡിസ്‌കും സംയുക്തമായി സംഘടിപ്പിച്ച “മാതൃഭാഷാ പഠനം, വൈജ്ഞാനിക സമൂഹം, ബന്ധവും പ്രാധാന്യവും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ മുൻ ധന കാര്യ മന്ത്രി ഡോ. തോമസ് ഐസക്, ഡോ. സരിൻ എന്നിവർ പങ്കെടുത്തു. നവകേരള നിർമാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാഷ വഹിക്കുന്ന പങ്ക് വലുതാണെന്നും, വൈജ്ഞാനിക സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ മാതൃഭാഷക്കുള്ള പങ്ക് ശരിയായി അപഗ്രഥിക്കാനും, വിനിയോഗിക്കുന്നതിനും ബൗദ്ധിക സമൂഹം തയ്യാറാകേണ്ടതുണ്ട് എന്നും ഭാഷാ സെമിനാറിൽ ഡോ. തോമസ് ഐസക് പറഞ്ഞു. നവ കേരള നിർമ്മിതിയിൽ വൈജ്ഞാനിക സമൂഹത്തിന് വഹിക്കാനാകാവുന്ന പങ്ക് വളരെ വലുതാണ്. “ജോബ് റെഡി കേരള” എന്ന ലക്ഷ്യത്തിലേക്ക് കോളേജുകളും, പൂർവ വിദ്യാർത്ഥി സംഘടനകളും കൈകോർത്ത് വിവിധ ജോലികൾക്കാവശ്യമായ നൈപുണ്യ മികവിന് കെ -ഡിസ്ക് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. നൈപുണ്യ വികാസത്തിനാവശ്യമായ അതിവിപുലമായ ഈ പദ്ധതികൾ കേരളത്തെ നവീകരിക്കുന്ന മികച്ച ബ്ലൂ പ്രിന്റ് ആണ് എന്നും തുടർന്നു സംസാരിച്ച ഡോക്ടർ സരിൻ വിശദീകരിച്ചു. തുടർന്നു നടന്ന സംവാദത്തിൽ മലയാളം മിഷന്റെ യുഎഇയിലെ ഏഴ് എമിറേറ്റിലുമുള്ള ഏഴു ചാപ്റ്ററുകളുടെ പ്രതിനിധികൾ പങ്കെടുത്തു. വിജ്ഞാന കേരളം പദ്ധതിയുമായി മുന്നോട്ടു പോകുന്ന കേരള സർക്കാരിന്റെ ഇച്ഛാശക്തിയേയും, പദ്ധതിയുടെ വിപുലമായ മാനങ്ങളെക്കുറിച്ചും സദസ്സിൽ നിന്നും ഇടപെട്ട് മറ്റുള്ളവർ സംസാരിച്ചു. ചർച്ചയ്ക്കും, സംശയങ്ങൾക്കുമുള്ള മറുപടി ഡോ. തോമസ് ഐസക് ചർച്ചയ്ക്കും, ഡോ. സരിനും നൽകി. യുഎഇ മലയാളം മിഷൻ കോഡിനേറ്റർ കെ എൽ ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ ചാപ്റ്റർ കൺവീനർ ശ്രീകുമാരി ആന്റണീ സ്വാഗതവും, അബുദാബി ചാപ്റ്റർ പ്രസിഡണ്ട് സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു. ഏഴു എമിറേറ്റിലേയും ചാപ്റ്റർ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന വിപുലമായ പങ്കാളിത്തമാണ് സെമിനാറിൽ ഉണ്ടായിരുന്നത്. തുടർന്ന് നടന്ന കലാവിരുന്നിൽ 7 ചാപ്റ്ററുകളിൽ നിന്നുമുള്ള വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറി. മലയാളം മിഷൻ സുവനീർ ഷോപ്പും സെമിനാർ ഹാളിൽ ഒരുക്കിയിരുന്നു. ഡോ. തോമസ് ഐസക്, ഡോ. സരിൻ എന്നിവർ ചേർന്ന് സുവനീർ ഷോപ്പ് ഉദ്‌ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top