
തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം അമേരിക്കന്‍ സേന തിരിച്ചുപിടിക്കാനുള്ള സാധ്യതയെക്കുറിച്ച് അടുത്തിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നൽകിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് താലിബാന്‍ നിലപാട് അറിയിച്ചിരിക്കുന്നത്. താലിബാന്‍ വഴങ്ങിയില്ലെങ്കില്‍ ‘മോശം കാര്യങ്ങള്‍’ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.
ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ മേധാവികള്‍, സൈനിക കമാന്‍ഡര്‍മാര്‍, ഉലമ കൗണ്‍സില്‍ എന്നിവരെ ഉള്‍പ്പെടുത്തി താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ രഹസ്യയോഗം വിളിച്ചതായി താലിബാനിലെ മുതിര്‍ന്ന വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18-നോട് പറഞ്ഞു. ട്രംപിന്റെ പരാമര്‍ശങ്ങളും യുഎസ് സൈനിക നടപടികള്‍ക്കുള്ള സാധ്യതകളുമായിരുന്നു ചര്‍ച്ചയുടെ കേന്ദ്രബിന്ദു.
ബഗ്രാം വ്യോമതാവളം അമേരിക്കന്‍ സൈന്യത്തിന് കൈമാറാനുള്ള എല്ലാ സാധ്യതകളും താലിബാന്‍ നേതൃത്വം ഏകകണ്ഠമായി തള്ളി. ആക്രമിക്കപ്പെട്ടാല്‍ ‘യുദ്ധത്തിന് പൂര്‍ണ്ണമായി തയ്യാറെടുക്കുമെന്നും’ അവര്‍ പറഞ്ഞു. പാകിസ്താനുള്ള കര്‍ശനമായ മുന്നറിയിപ്പായിരുന്നു യോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്.