
മദ്യപിച്ച് വാഹനമോടിച്ച് മാരകമായ അപകടം വരുത്തിവെച്ച സ്ത്രീക്ക് കടുത്ത ശിക്ഷ വിധിച്ച് ദുബൈ കോടതി. അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 200,000 ദിർഹം ദിയാദനം നൽകാനും 10,000 ദിർഹം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടതായി അൽ ഖലീജ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
അറബ് വംശജയായ സ്ത്രീ മദ്യപിച്ച് അൽ ഖുദ്ര പ്രദേശത്തിലൂടെ വാഹനമോടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതിയുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറുമായി ഇടിച്ച ശേഷം സമീപത്തെ തെരുവുവിളക്കിലും പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലും ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതി ഓടിച്ച കാർ മൂന്ന് കാൽനടയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചിരുന്നു. ഇവരിൽ ഒരാൾ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.
അപകടം നടക്കുമ്പോൾ യുവതി മദ്യപിച്ചിരുന്നെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. മദ്യപിച്ചതിനാലും ജാഗ്രത പാലിക്കാത്തതിനാലും യുവതി അപകടത്തിന് ഉത്തരവാദിയാണെന്ന് കോടതി നിരീക്ഷിച്ചു. പിഴയ്ക്കും ദിയാദനത്തിനും പുറമേ അപകടത്തിൽപ്പെട്ട മറ്റ് വാഹനങ്ങളുടെ നാശനഷ്ടങ്ങൾക്കും യുവതി ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു.