
യൂറോപ്പിലെ നിർണായക മേഖലയായ ബാൾട്ടിക് കടലിനു മുകളിലൂടെ നിരീക്ഷണ വിമാനത്തെ അയച്ച് റഷ്യ. റഷ്യൻ നിർമിത ഐഎൽ–20 നിരീക്ഷണവിമാനമാണ് ചിത്രങ്ങൾ പകർത്താനും മറ്റ് നിരീക്ഷങ്ങൾക്കുമായി ബാൾട്ടിക് കടലിന് മുകളിലൂടെ പറന്നത്. ഇതോടെ ജർമ്മനിയും സ്വീഡനും അവരുടെ വ്യോമസേനാ യുദ്ധവിമാനങ്ങൾ മേഖലയിൽ വിന്യസിച്ചു. രാജ്യാന്തര അതിർത്തിയിലാണ് രണ്ട് സ്വീഡിഷ് ഗ്രിപെൻ ജെറ്റുകളും രണ്ട് ജർമ്മൻ യൂറോഫൈറ്റർ ജെറ്റുകളും വിന്യസിച്ചിരിക്കുന്നത്.
നാറ്റോയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അവരുടെ വ്യോമാതിർത്തിയിലും പരിസരത്തും റഷ്യൻ സൈനിക, നിരീക്ഷണ പ്രവർത്തനങ്ങൾ നടന്നേക്കുമെന്ന ഭീതിയിൽ കഴിയവെയാണ് നിരീക്ഷണ വിമാനത്തെ ബാൾട്ടിക് കടലിനു മുകളിൽ കണ്ടെത്തിയത്. ഇതോടെ മേഖലയിൽ അതീവ ജാഗ്രത പാലിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച, മൂന്ന് റഷ്യൻ യുദ്ധവിമാനങ്ങൾ അനുമതിയില്ലാതെ എസ്റ്റോണിയയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു.