ublnews.com

പുടിൻ ഡിസംബറിൽ ഇന്ത്യയിലെത്തിയേക്കും

റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ നരേന്ദ്ര മോദിയുമായി സംവദിക്കുന്നതിന് ഡിസംബർ 5-6 തീയതികളിൽ എത്തുമെന്ന് വൃത്തങ്ങൾ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ ശിക്ഷാ തീരുവ ചുമത്തുകയും റഷ്യയും ഇന്ത്യയും തമ്മിൽ അടുപ്പമുണ്ടാവുകയും ചെയ്യുന്ന അവസരത്തിലാണ് ഇരു രാഷ്ട്രത്തലവൻമാരുടെയും കൂടിക്കാഴ്ച.

പുടിന്‍റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് ആഗസ്റ്റിലെ റഷ്യാ സന്ദർശന വേ‍ളയിൽ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ സൂചിപ്പിച്ചിരുന്നെങ്കിലും എന്നാണ് ഇതെന്ന് കൃത്യമായി തീയതി പറഞ്ഞിരുന്നില്ല. ചൈനയിൽ നടന്ന ഷാങ്ഹായ് സമ്മിറ്റിൽ മോദിയും പുടിനും കൂടിക്കാഴ്ച നടത്തുകയും ഒരു മണിക്കൂറോളം സംവദിക്കുകയും ചെ‍യ്തിരുന്നു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ശിക്ഷാ താരിഫായി ഇന്ത്യക്ക് മേൽ 26 ശതമാനം താരിഫാണ് യു.എസ് ചുമത്തിയത്. യുക്രെയ്നു മേലുള്ള ആക്രമണം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് ട്രംപ് പറഞ്ഞത്.

റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സാണ് എണ്ണ. യുക്രെയ്നുമായി യുദ്ധം ആരംഭിച്ചതുമുതൽ യുക്രെയ്ന്‍റെ പാശ്ചാത്യ സഖ്യ ശക്തികൾ റഷ്യയുടെ എണ്ണ കയറ്റുമതിയിൽ ഉപരോധം ഏർപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതോടെ റഷ്യ യൂറോപ്പിൽ നിന്ന് ഇന്ത്യ, ചൈന തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് തങ്ങളുടെ കയറ്റുമതി തിരിച്ചു വിട്ടു.

ഇന്ത്യയും റഷ്യയും തമ്മിൽ സോവിയറ്റ് കാലം മുതൽ വിവിധ മേഖലകളിൽ ബന്ധം നിലനിർത്തുന്നുണ്ട്. ഇന്ത്യയിൽ ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ ഏറ്റവും മുൻ നിരയിലുള്ള രാഷ്ട്രമാണ് റഷ്യ. പുടിന്‍റെ സന്ദർശനം ഇന്ത്യയുടെ ഭൗമ രാഷ്ട്രീ‍യ തന്ത്രങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കിയേക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top