ublnews.com

പാക് ഭരണകൂടത്തിനെതിരെ പാക് അധീക കശ്മീരിൽ സംഘർഷം മൂന്നാം ദിവസവും തുടരുന്നു

പാകിസ്താൻ ഭരണകൂടത്തിനെതിരെ പാക് അധീക കശ്മീരിൽ തുടരുന്ന സംഘർഷം മൂന്നാം ദിവസത്തിലേക്ക്. മുസാഫറാബാദിലേക്ക് ലോങ് മാർച്ച് നടത്തുന്ന പ്രക്ഷോഭകരും പാക് സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. ദദ്യാലിലാണ് പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിൽ ഇന്ന് ഏറ്റുമുട്ടിയത്.

മുസാഫറാബാദിലും ദീർകോട്ടിലും അഞ്ച് വീതവും ദദ്യാലിൽ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. 200 പേർക്ക് പരിക്കേറ്റു. വെടിവെപ്പിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മുസാഫറാബാദിലെ പാലത്തിൽ ലോങ് മാർച്ച് തടയാനായി സ്ഥാപിച്ച കൂറ്റൻ കണ്ടെയ്നറുകൾ പ്രതിഷേധക്കാർ നദിയിലെറിഞ്ഞു.

‘ഭരണാധികാരികളേ, സൂക്ഷിക്കുക, ഞങ്ങൾ നിങ്ങളുടെ വിധിയാണ്’, ‘കശ്മീർ ഞങ്ങളുടേതാണ്, അതിന്റെ വിധി ഞങ്ങൾ തീരുമാനിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രക്ഷോഭകർ വിളിച്ചു. പ്രക്ഷോഭകർ കല്ലെറിയുന്നതിന്‍റെയും സുരക്ഷാസേന വെടിവെക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റാവൽകോട്ട്, നീലം താഴ്വര, കോട്ട്ലി എന്നിവിടങ്ങളിൽ നിന്ന് മുസാഫറാബാദിലേക്കാണ് പ്രക്ഷോഭകർ ലോങ് മാർച്ച് സംഘടിപ്പിച്ചത്. പ്രക്ഷോഭകർ പ്രധാന പാതകൾ ഉപരോധിച്ചതോടെ ജനജീവിതം സ്തംഭിച്ചു. ഇന്ന് സംഘർഷമുണ്ടായ ദദ്യാലിൽ പ്രക്ഷോഭകരെ നേരിടാൻ കൂടുതൽ സൈന്യത്തെ ഭരണകൂടം വിന്യസിച്ചു. കൂടാതെ, മേഖലയിൽ മൊബൈൽ, ഇന്‍റർനെറ്റ്, ലാൻഡ് ഫോൺ സൗകര്യങ്ങൾ വിലക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top