ublnews.com

പലസ്‌തീൻ എന്നൊരു രാജ്യം ലോകത്തുണ്ടാകില്ല- ഇസ്രയേൽ

ടെൽഅവീവ്: യുകെയടക്കം പത്ത് രാജ്യങ്ങൾ ഇന്ന് പാലസ്‌തീനെ പ്രത്യേക രാജ്യമായി അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ ഈ നീക്കത്തിനുനേരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ഈ നീക്കം തീവ്രവാദത്തിന് പ്രോത്സാഹനം ആണെന്നും സമാധാനത്തിന് ആക്കംകൂട്ടുന്നതല്ലെന്നും നെതന്യാഹു വ്യക്തമാക്കി.

ജോർദാൻ നദിയ്‌ക്ക് പടിഞ്ഞാറ് പാലസ്‌തീൻ എന്നൊരു രാജ്യമുണ്ടാകില്ലെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ‘പാലസ്‌തീൻ എന്നൊരു രാജ്യമുണ്ടാകില്ല. ഞങ്ങളുടെ രാജ്യത്തിന്റെ ഹൃദയഭൂമിയിൽ ഒരു ഭീകരരാഷ്‌ട്രം ഉണ്ടാക്കുന്നതിന്റെ പ്രതികരണം ഞാൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമുണ്ടാകും. ഒക്‌ടോബർ ഏഴിലെ കൂട്ടക്കുരുതിക്ക് ശേഷം പാലസ്‌തീൻ രാജ്യത്തെ അംഗീകരിക്കുന്ന ലോകരാജ്യങ്ങളോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ തീവ്രവാദത്തിന് വലിയ വില നൽകുകയാണ്. ജോർദാൻ നദിയ്‌ക്ക് പടിഞ്ഞാറ് പാലസ്‌തീൻ രാജ്യം ഉണ്ടാകില്ല. അത് സംഭവിക്കാൻ പോകുന്നില്ല.’ നെതന്യാഹു പറഞ്ഞു.

വർഷങ്ങളോളം പാലസ്‌തീൻ എന്ന ഭീകരരാഷ്‌ട്രമുണ്ടാകാതിരിക്കാൻ താൻ പ്രതിരോധിച്ചു എന്നും രാജ്യത്തിന് ഉള്ളിൽ നിന്നും പുറമേ നിന്നും ഇക്കാര്യത്തിൽ സമ്മർദ്ദമുണ്ടായെന്നും നെതന്യാഹു വ്യക്തമാക്കി. ജൂതയിലും സമര്യയിലും ജൂതരുടെ എണ്ണം വർദ്ധിപ്പിച്ചെന്നും ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ദ്വി രാഷ്‌ട്ര പരിഹാരത്തിന് പാലസ്‌തീൻ രാജ്യം അത്യാവശ്യമെന്ന് കണ്ടാണ് യുകെയടക്കം രാജ്യങ്ങളുടെ തലവന്മാർ പാലസ്‌തീനെ രാജ്യമായി അംഗീകരിച്ചത്. കൂട്ടത്തിൽ ഏറ്റവും അവസാനം ചേർന്ന രാജ്യം പോർച്ചുഗൽ ആണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top