
ഹൈടെക് സുരക്ഷ ഉറപ്പാക്കാൻ ആഡംബര ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തി പട്രോളിങ് പരിസ്ഥിതി സൗഹൃദമാക്കി ദുബായ് പൊലീസ്. മെഴ്സിഡീസ് ബെൻസ് വാഹനങ്ങളായ എസ്എൽ 55 എഎംജി, ജിടി 63 എഎംജി, ഇക്യുഎസ് 580 എന്നിവയാണ് പട്രോളിങിന് പുതുതായി എത്തിയ വാഹനങ്ങൾ. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ വാഹനങ്ങൾ ദുബായ് പൊലീസ് പുറത്തിറക്കി.
സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം സുസ്ഥിര ഗതാഗതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹാജിരി പുതിയ വാഹനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ബുർജ് ഖലീഫ, മുഹമ്മദ് ബിൻ റാഷിദ് ബൊലെവാർഡ്, ജെബിആർ തുടങ്ങി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യം വർധിപ്പിക്കും. പട്രോളിങ് സുരക്ഷ വർധിപ്പിക്കുന്നതിനു പുറമെ സന്ദർശകർക്ക് മാർഗനിർദേശം നൽകുക, വിവരങ്ങൾ ലഭ്യമാക്കുക, ആവശ്യമായ മറ്റു സഹായം നൽകുക എന്നീ സേവനങ്ങളുമുണ്ടാകും.