
ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയ്ക്കുള്ള ട്രോഫിയുമായി സ്ഥലം വിട്ട സംഭവത്തിൽ എസിസി പ്രസിഡന്റ് മാപ്പ് പറഞ്ഞെന്ന റിപ്പോർട്ടുകൾ തള്ളി മുഹ്സിൻ നഖ്വി. ‘‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ബിസിസിഐയോട് ഞാൻ ഒരിക്കലും ക്ഷമാപണം നടത്തിയിട്ടില്ല, ഇനി ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല. എസിസി പ്രസിഡന്റ് എന്ന നിലയിൽ, ആ ദിവസം തന്നെ ട്രോഫി കൈമാറാൻ ഞാൻ തയാറായിരുന്നു, ഇപ്പോഴും ഞാൻ തയാറാണ്. അവർക്ക് അതു ശരിക്കും വേണമെങ്കിൽ, എസിസി ഓഫിസിൽ വന്ന് എന്നിൽനിന്ന് വാങ്ങാൻ അവരെ സ്വാഗതം ചെയ്യുന്നു.’’– നഖ്വി പറഞ്ഞു.
ഏഷ്യാ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിനു കൈമാറിയെന്ന് സൂചനയുണ്ട്. എസിസി ചെയർമാൻ സ്ഥാനത്തുനിന്ന് മുഹ്സിൻ നഖ്വിയെ ഇംപീച്ച് ചെയ്യാൻ ബിസിസിഐ നടപടികൾക്ക് ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വിവരം പുറത്തുവരുന്നത്. നഖ്വി ഇന്ന് ലഹോറിലേക്കു മടങ്ങുമെന്നാണ് സൂചന. നഖ്വിക്കെതിരെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) വാർഷിക പൊതുയോഗത്തിൽ ഇന്ത്യൻ പ്രതിനിധികൾ ശക്തമായ എതിർപ്പുയർത്തിയിരുന്നു. എസിസി ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മുഹ്സിൻ നഖ്വി ഞായറാഴ്ച പുരസ്കാരച്ചടങ്ങിനു ശേഷം ട്രോഫിയും മെഡലുകളുമായി സ്ഥലം വിടുകയായിരുന്നു.
ദുബായിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും മുൻ ട്രഷറർ ആഷിഷ് ശെലാറുമാണ് ഇന്ത്യൻ പ്രതിനിധികളുമായി പങ്കെടുത്തത്. ഓൺലൈനായാണ് ഇരുവരും യോഗത്തിൽ പങ്കെടുത്തത്. ട്രോഫി കൈമാറാത്തതിലും മത്സരശേഷം അവാർഡ് ദാന ചടങ്ങിനിടെ നഖ്വി നടത്തിയ നാടകീയ നീക്കങ്ങളിലും ഇവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായി എസിസി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ട്രോഫി കൈമാറാൻ, നഖ്വി ഇതുവരെ സമ്മതിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
നഖ്വിയിൽനിന്നു ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം നിലപാട് എടുത്തതോടെയാണു വിവാദം കനത്തത്. വിജയിച്ച ടീമിന് ട്രോഫി കൈമാറണമെന്നും ഇത് എസിസിയുടെ ട്രോഫിയാണെന്നും അല്ലാതെ ഒരു വ്യക്തിയുടേതല്ലെന്നും രാജീവ് ശുക്ലയും ആഷിഷ് ശെലാറും യോഗത്തിൽ പറഞ്ഞു. എന്നാൽ ഇതിനോട് പ്രതികരിക്കാതിരുന്ന നഖ്വി, വാർഷിക യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല ഇതെന്നും മറ്റൊരു അവസരത്തിൽ ചർച്ച ചെയ്യാമെന്നും പറഞ്ഞു. എസിസി വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയായിരുന്നു യോഗത്തിന്റെ അജൻഡ. എന്നാൽ അതും മാറ്റിവച്ചു.