
ഛത്തീസ്ഗഢിൽ 153 ആയുധങ്ങളുമായി 208 മാവോവാദികൾ കീഴടങ്ങി. ഇവരുടെ പുനരധിവാസവും നടപ്പാക്കിവരികയാണ്. ബസ്തറിലെ ജഗ്ദൽപൂരിൽ 208 മാവോവാദികളാണ് സുരക്ഷ സേനക്ക് മുന്നിൽ കീഴടങ്ങി മുഖ്യധാരയിൽ ചേരാൻ ആയുധങ്ങൾ ഉപേക്ഷിച്ച് തയാറായത്. എല്ലാവരുടെയും കൈകളിൽ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പുകളുമുണ്ടായിരുന്നു.
ഇത് അബുജ്മദിന്റെ ഭൂരിഭാഗവും മാവോവാദി സ്വാധീനത്തിൽനിന്ന് മോചിപ്പിക്കുകയും വടക്കൻ ബസ്തറിലെ ചുവപ്പ് ഭീകരത അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ ബസ്തർ മാത്രമെ അവശേഷിക്കുന്നുള്ളൂവെന്ന് അവർ പറഞ്ഞു. വടക്കൻ ബസ്തറും അബുജ്മദ് പ്രദേശങ്ങളും മാവോവാദി ആക്രമണത്തിൽനിന്ന് പൂർണമായും മോചിതമായതായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് വ്യാഴാഴ്ച അറിയിച്ചു, അതേസമയം തെക്കൻ ബസ്തറിലെ പോരാട്ടം നിർണായക വഴിത്തിരിവിലെത്തി.
പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കീഴടങ്ങാൻ വ്യാഴാഴ്ച ബിജാപൂരിൽ 120 മാവോവാദികൾ എത്തിയപ്പോൾ ബുധനാഴ്ച കാങ്കർ ജില്ലയിലെ അതിർത്തി സുരക്ഷസേന (ബി.എസ്.എഫ്) ക്യാമ്പിൽ 50 മാവോവാദികൾ എത്തി. 170 മാവോവാദികളും വെള്ളിയാഴ്ച ജഗ്ദൽപുരിൽ മുഖ്യമന്ത്രി സായിയുടെ മുമ്പാകെ ഔദ്യോഗികമായി കീഴടങ്ങുമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 258 മാവോവാദികൾ കീഴടങ്ങിയത് വിശ്വാസത്തിന്റെ ശക്തിയാണ് വിജയിക്കുന്നത് എന്ന് തെളിയിക്കുന്നുവെന്ന് വിഷ്ണുദേവ് സായ് പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിലെ ഒരു പോസ്റ്റിലൂടെയും അറിയിച്ചിരുന്നു.