
ഏഷ്യാ കപ്പില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ കിരീടം നേടിയതിനു പിന്നാലെ മൈതാനത്ത് നടന്ന സമ്മാനദാന ചടങ്ങിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പാകിസ്താന് ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റുമായ മൊഹ്സിന്‍ നഖ്വിയില് നിന്ന് വിജയികള്‍ക്കുള്ള ട്രോഫിയോ മെഡലുകളോ സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു.
എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ തന്റെ പക്കല്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് അറിഞ്ഞതോടെ ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ് നഖ്വിയുടെ ഭാഗത്തു നിന്നുണ്ടായത്. മത്സരത്തിനു ശേഷം സമ്മാനദാനച്ചടങ്ങിനായി നഖ്വി കാത്തുനിന്നിരുന്നു. എന്നാല്‍ ഇന്ത്യ ട്രോഫി സ്വീകരിക്കില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹം ട്രോഫിയും വിജയികള്‍ക്കുള്ള മെഡലുകളുമായി സ്റ്റേഡിയം വിടുകയായിരുന്നു.
നഖ്വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാന്‍ തയാറല്ലെങ്കിലും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ഖാലിദ അല്‍ സരൂനിയില്‍ നിന്നോ മറ്റേതെങ്കിലും നിഷ്പക്ഷ വ്യക്തികളില്‍ നിന്നോ കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനു പോലും സമ്മതിക്കാതെയാണ് നഖ്വി കപ്പ് എടുത്തുകൊണ്ടുപോയത്.