
ഞായറാഴ്ച ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ എ.സി.സി ചെയർമാൻ മൊഹ്സിൻ നഖ്വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെ സ്റ്റേഡിയത്തിൽനിന്ന് നഖ്വി ട്രോഫിയുമായി തിരികെ മടങ്ങുകയും ചെയ്തു. പ്രോട്ടോകാൾ പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ മുംബൈയിലെ ആസ്ഥാനത്ത് ട്രോഫി എത്തിയെന്ന് ഉറപ്പിക്കാനുള്ള ബാധ്യത ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനുണ്ട്. എന്നാൽ ഇരു കക്ഷികളും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതിനാൽ എപ്പോഴാകും അത് നടക്കുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ക്രിക്ബസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ട്രോഫി ഇന്ത്യൻ ടീമിന് കൈമാറാൻ തയാറാണെന്ന് നഖ്വി സംഘാടകരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഔദ്യോഗികമായി നടത്തുന്ന ചടങ്ങിൽ തന്റെ കൈയിൽനിന്ന് ട്രോഫി സ്വീകരിക്കാമെന്നാണ് നഖ്വി മുന്നോട്ടുവെക്കുന്ന നിർദേശം. നിലവിലെ സാഹചര്യത്തിൽ നടക്കാൻ യാതൊരു സാധ്യതയുമില്ലാത്ത നിർദേശമാണിത്. ഇതോടെ വിവാദം ഉടനെ അവസാനിക്കില്ലെന്നും ബോർഡുകൾ തമ്മിലുള്ള അധികാര വടംവലി തുടരുമെന്നും ഏതാണ്ട് ഉറപ്പിക്കാം.
എട്ട് ടീമുകൾ അണിനിരന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഞായറാഴ്ചയാണ് ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ജേതാക്കളായത്. മൈതാനത്തെ മത്സരം അവസാനിച്ചിട്ടും പുറത്തെ അധികാര മത്സരം തുടരുകയാണ്. എ.സി.സി ചെയർമാൻ എന്നതിനപ്പുറം, പാക് ക്രിക്കറ്റ് ബോർഡിന്റെ തലവനും പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്വി. ഇന്ത്യാ വിരുദ്ധ പരാമർശങ്ങളും സമൂഹമാധ്യമ പോസ്റ്റും നഖ്വിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് ടീം ട്രോഫി സ്വീകരിക്കുന്നതിൽനിന്ന് വിട്ടുനിന്നത്. 45 മിനിറ്റ് വൈകി ആരംഭിച്ച പ്രസന്റേഷൻ സെറിമണിയിൽ, പാകിസ്താൻ ടീം റണ്ണറപ്പിനുള്ള ചെക്കും മെഡലുകളും സ്വീകരിച്ചിരുന്നു.
അതേസമയം ഏഷ്യ കപ്പിനു പിന്നാലെ വരുന്ന ഞായറാഴ്ച ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടുകയാണ്. ഇത്തവണ വേദി വനിതാ ഏകദിന ലോകകപ്പാണ്. ഇന്ത്യയിൽ കാലുകുത്തില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചതിനാൽ അവരുടെ മത്സരങ്ങൾക്ക് ശ്രീലങ്കയാണ് വേദിയാകുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഞായറാഴ്ചത്തെ മത്സരം. ഏഷ്യ കപ്പിലെ വിവാദങ്ങൾക്കു പിന്നാലെ നടക്കുന്ന ടൂർണമെന്റിൽ സമാന നിലപാടു തന്നെയാകും ഇന്ത്യ ഇവിടെയും സ്വീകരിക്കുകയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.