
ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഇനിമുതൽ കൂടുതൽ വേഗത്തിലും സുഗമവുമാകും. പരമ്പരാഗതമായ പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരം ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം ഇന്നലെ(1) മുതൽ പ്രാബല്യത്തിലായി. വിദേശ പൗരന്മാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കം.
വിദേശ യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് 72 മണിക്കൂർ മുൻപും 24 മണിക്കൂറിനുള്ളിലും ഇന്ത്യ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് വഴി ഇ-അറൈവൽ കാർഡ് പൂരിപ്പിച്ച് സമർപ്പിക്കണം. ഈ നടപടിക്രമത്തിന് ഫീസില്ല. കാർഡ് മുൻകൂട്ടി പൂരിപ്പിച്ച് സമർപ്പിക്കാത്തവർക്ക് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കായി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിപ്പിൽ പറയുന്നു.
പാസ്പോർട്ട് നമ്പർ, ദേശീയത, സന്ദർശന ലക്ഷ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി അടിസ്ഥാനപരമായ വിവരങ്ങൾ മാത്രമാണ് ഓൺലൈൻ ഫോമിൽ നൽകേണ്ടത്. രേഖകളൊന്നും അപ്ലോഡ് ചെയ്യേണ്ടതില്ല. ഇന്ത്യൻ പൗരന്മാരെയും ഒസിഐ കാർഡ് ഉടമകളെയും പുതിയ സംവിധാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെ അയക്കുന്ന യുഎഇയിലെ ട്രാവൽ ഏജൻസികൾ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. ഇത് യാത്രക്കാരുടെ സമയം ലാഭിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന മാറ്റമാണെന്ന് അഭിപ്രായപ്പെടുന്നു.
വിമാനത്താവളത്തിൽ എത്തി അറൈവൽ കാർഡ് പൂരിപ്പിക്കേണ്ട സമയം ലാഭിക്കാം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ഓൺലൈനായി ഇത് പൂർത്തിയാക്കാൻ സാധിക്കുന്നത് ഇമിഗ്രേഷൻ വേഗത്തിലാക്കും. വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് പ്രയോജനകരമാണ്. ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ, യാത്രക്കാർ വിമാനത്തിൽ കയറുന്നതിനു മുൻപ് തന്നെ അവരുടെ വിവരങ്ങൾ ഇമിഗ്രേഷൻ കൗണ്ടറിൽ ലഭ്യമാകും.
പേപ്പറിൽ നിന്ന് ഡിജിറ്റലിലേക്കുള്ള ഈ മാറ്റം നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും തിരക്കേറിയ ഇന്ത്യൻ വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ഇത് ലക്ഷ്യമിടുന്നതായും വ്യവസായ വിദഗ്ധർ പറയുന്നു. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുമ്പോഴേയ്ക്കും വിവരങ്ങൾ ഇമിഗ്രേഷൻ ഓഫീസർമാർക്ക് ലഭിക്കുന്നതോടെ വേഗത്തിലുള്ള ക്ലിയറൻസ് സാധ്യമാകും.