ublnews.com

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. ടോസ് വിജയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 44.1 ഓവറിൽ 162 റൺസെടുത്ത് ഓൾഔട്ടായി. 48 പന്തിൽ 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഷായ് ഹോപ് (36 പന്തിൽ 26), റോസ്റ്റന്‍ ചെയ്സ് (43 പന്തിൽ 24) എന്നിവരാണു വിൻഡീസിന്റെ മറ്റു പ്രധാന സ്കോറർമാർ. പേസർമാരായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുമ്രയുടേയും തകർപ്പൻ പ്രകടനമാണ് വിൻഡീസിനെ തകർത്തെറിഞ്ഞത്.

സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. സ്കോർ ബോർഡിൽ 12 റണ്‍സുള്ളപ്പോൾ വിൻഡീസ് ഓപ്പണർ ടാഗ്‍നരെയ്ൻ ചന്ദർപോളിനെ പൂജ്യത്തിനു പുറത്താക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ ക്യാച്ചെടുത്താണ് ചന്ദർപോളിന്റെ മടക്കം. തൊട്ടുപിന്നാലെ ജോൺ കാംബെലിനെ (എട്ട്) ജസ്പ്രീത് ബുമ്ര ജുറേലിന്റെ കൈകളിലെത്തിച്ചു.

ബ്രാണ്ടൻ കിങ് (13), അലിക് അതനസ് (12), റോസ്റ്റൻ ചെയ്സ് (24) എന്നിവരെ മടക്കിയ സിറാജ് വിൻഡീസ് മധ്യനിരയുടെ നടുവൊടിച്ചു. ഷായ് ഹോപിന്റെയും ജസ്റ്റിൻ ഗ്രീവ്സിന്റെയും ചെറുത്തുനില്‍പാണ് വിൻ‍ഡീസിനെ 150 കടത്തിയത്. കുൽദീപ് യാദവ് രണ്ടും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാള്‍, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, നിതീഷ്കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

വെസ്റ്റിൻഡീസ് പ്ലേയിങ് ഇലവൻ– ടാഗ്‍നരെയ്ൻ ചന്ദർപോൾ, ജോൺ കാംബെൽ, അലിക് അതനെസ്, ബ്രാണ്ടൻ കിങ്, ഷായ് ഹോപ് (വിക്കറ്റ് കീപ്പർ), റോസ്റ്റൻ ചേസ് (ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ജോമൽ വാറികാൻ, ഖാരി പിയറി, ജോഹാൻ ലെയ്നെ, ജെയ്‍ഡൻ സീൽസ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top