ublnews.com

ആത്മഹത്യ നിരക്കിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത്

ആത്മഹത്യ നിരക്കിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) 2023ലെ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. 30.6 ആണ് കേരളത്തിലെ ആത്മഹത്യ നിരക്ക്. ഒരു ലക്ഷത്തിൽ എത്രപേർ എന്ന നിലയിലാണ് ആത്മഹത്യ നിരക്ക് കണക്ക് കൂട്ടുന്നത്.

2023 മുതൽ കേരളത്തിൽ ആത്മഹത്യ നിരക്കുകളിൽ വർധനവ് രേഖപ്പെടുത്തുന്നു. 2021, 2022 എന്നീ വർഷങ്ങളിൽ യഥാക്രമം 26.9, 28.5 എന്നിവയായിരുന്നു കേരളത്തിലെ ആത്മഹത്യ നിരക്ക്. 2023ൽ കേരളത്തിൽ ദാരിദ്ര്യം മൂലമുണ്ടാകുന്ന ആത്മഹത്യകളുടെ എണ്ണത്തിലും വൻ വർധനവ് ഉള്ളതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 13 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 16 പേർ ദാരിദ്ര്യം മൂലം ആത്മഹത്യ ചെയ്തു. ദേശീയതലത്തിൽ ദാരിദ്ര്യവുമായി ബന്ധപ്പെട്ട ആത്മഹത്യകളുടെ ആകെ എണ്ണം 1059 ആണ്.

2023ൽ സംസ്ഥാനത്ത് മൊത്തം ആത്മഹത്യകളിൽ എട്ട് ശതമാനം വർധനവ് രേഖപ്പെടുത്തി. 2022ൽ 10,162 ആയിരുന്നത് 2023ൽ 10972 ആയി. ആത്മഹത്യാ നിരക്കിൽ സംസ്ഥാനം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം സ്ഥാനത്താണ്. ആൻഡമാൻ (49.6) ആണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് സിക്കിം (40.2).

കൂട്ട ആത്മഹത്യകൾ, കുടുംബ ആത്മഹത്യകൾ എന്നിവയുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. 17 ആത്മഹത്യകളാണ് ഈ വിഭാഗത്തിൽ കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാടാണ് മുന്നിൽ നിൽക്കുന്നത്. 58 ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top