
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ജയിൽവാസ വ്യവസ്ഥകളെ വിമർശിച്ചു സഹോദരി നൊറിൻ നിയാസി രംഗത്ത്. അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാനുള്ള അധികാരികളുടെ ശ്രമം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്നും സഹോദരി പറഞ്ഞു.
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ്റെ അവസ്ഥ വളരെ ദയനീയമാണെന്ന് സഹോദരി നിയാസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജയിലിലെ അദ്ദേഹത്തിൻ്റെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികൾ മനഃപൂർവം മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള അവകാശം നിഷേധിക്കുകയാണെന്നുമായിരുന്നു അവർ ഉന്നയിച്ച ആരോപണങ്ങൾ.
‘‘ഇമ്രാൻ ഖാനെ ശാരീരികമായി ഉപദ്രവിക്കാൻ ആരും ധൈര്യപ്പെടില്ല. കാരണം അതൊരു ചുവന്ന വരയാണ്. ആ വര ഭേദിച്ച് അങ്ങനെ ചെയ്താൽ രാജ്യം അരാജകത്വത്തിലാകും. കാരണം പൊതുജനങ്ങൾ അദ്ദേഹത്തിന്റെ പിന്നിലുണ്ട്, അവർ അദ്ദേഹത്തെ കാണാൻ കാത്തിരിക്കുകയാണ്. അതിനാലാണ് അധികാരികൾ അദ്ദേഹത്തെ ഒന്നും ചെയ്യാൻ ധൈര്യപ്പെടാത്തത്”– നിയാസി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.