
മൂന്നാമതും പ്രസിഡന്റാകുമെന്ന തരത്തിൽ ചർച്ചകൾക്ക് വഴിതുറന്ന് നിർമിതബുദ്ധി (എഐ) ചിത്രവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘2028ലും ട്രംപ്’ എന്ന ബോർഡുമായി നിൽക്കുന്ന എഐ ചിത്രമാണ് സമൂഹമാധ്യമത്തിൽ ട്രംപ് പങ്കുവച്ചത്. യുഎസ് ഭരണഘടനയുടെ 22–ാം ഭേദഗതി അനുസരിച്ച് ഒരാൾക്ക് രണ്ടു തവണയിലധികം പ്രസിഡന്റാകാൻ കഴിയില്ല. ട്രംപ് ആദ്യമായി പ്രസിഡന്റായത് 2017ലാണ്.
രണ്ടു തവണയിൽ കൂടുതൽ അധികാരത്തിൽ തുടരുന്നതിനെക്കുറിച്ച് ട്രംപ് പലപ്പോഴും സൂചന നൽകിയിട്ടുണ്ട്. റാലികളിൽ ഇതേക്കുറിച്ച് തമാശയായി പരാമർശങ്ങൾ നടത്തുകയും ‘ട്രംപ് 2028’ എന്നെഴുതിയ തൊപ്പികൾ അനുയായികൾക്ക് നൽകുകയും ചെയ്തിരുന്നു. മൂന്നാം തവണ മത്സരിക്കുന്നതിന് നിയമ വിലക്കുണ്ടെന്നും അത് ‘വളരെ മോശം’ ആണെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
2028 ലെ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന പ്രചാരണത്തെ ട്രംപ് തള്ളിക്കളഞ്ഞു. നിയമപരമായി അതിന് കഴിയുമെങ്കിലും മത്സരിക്കില്ലെന്ന് ട്രംപ് പറഞ്ഞു. അതു നല്ല നീക്കമല്ലെന്നും ജനങ്ങൾക്ക് ഇഷ്ടപ്പെടില്ലെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കു മൂന്നാം തവണ മത്സരിക്കാൻ താൽപര്യമില്ലെന്നാണ് മേയ് മാസത്തിൽ ചാനലിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നത്. യുഎസ് ഭരണഘടനയുടെ 22-ാം ഭേദഗതി 1951ലാണ് പ്രാബല്യത്തിൽ വന്നത്. ഒരാളെയും രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കാൻ പാടില്ലെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നു.