
റഷ്യയുമായി സമാധാന കരാറിന് യുക്രെയ്ൻ സമ്മതിച്ചെന്ന് റിപ്പോർട്ട്. എതാനും ചെറിയ കാര്യങ്ങളിൽ മാത്രമേ തീരുമാനമാകാനുള്ളുവെന്നും യുഎസ് ഉന്നത ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടു ചെയ്‌തു. അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്‌കോൾ ചർച്ച നടത്തിയതിനു പിന്നാലെയാണ് സമാധാന കരാറിന് യുക്രെയ്ൻ സമ്മതിച്ചെന്ന വിവരം പുറത്തുവന്നത്. അബുദാബിയിലുള്ള യുക്രെയ്ൻ സംഘവുമായി ഡ്രിസ്കൽ ചർച്ച നടത്തിയിരുന്നു. റഷ്യ – യുക്രെയ്ൻ സമാധാന കരാർ സംബന്ധിച്ച ചർച്ചയിൽ വലിയ പുരോഗതി കൈവരിച്ചെന്നും എന്നാൽ ചില കാര്യങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും വൈറ്റ് ഹൗസ് ചൊവ്വാഴ്‌ച വ്യക്തമാക്കി.
മൂന്നര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്, യുക്രെയ്ൻ, യുറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഞായറാഴ്‌ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ ചർച്ച നടത്തിയിരുന്നു. ജനീവയിൽ ചർച്ച ചെയ്‌ത, കരാറിലെ പ്രധാന വ്യവസ്‌ഥകളിൽ പ്രതിനിധികൾ പൊതുധാരണയിലെത്തിയെന്ന് യുക്രെയ്‌ന്റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്‌തം ഉമറോവ് സമൂഹമാധ്യമത്തിൽ കുറിച്ചു. സ്വിറ്റ്സർലൻഡിലെ പ്രാഥമിക ചർച്ചയിൽ സമാധാനപദ്ധതിയിലെ പിഴവുകൾ തിരുത്തിയതായും മൊത്തത്തിൽ പ്രതീക്ഷയുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞിരുന്നു. ചില കാര്യങ്ങളിൽ ട്രംപുമായി ചർച്ച നടത്താനുണ്ടെന്നും സൂചിപ്പിച്ചു.