ublnews.com

പാക് വ്യോമാക്രമണത്തിന് തക്ക മറുപടിയെന്ന് താലിബാൻ ഭരണകൂടം

അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യകളിൽ പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നൽകുമെന്ന് താലിബാൻ ഭരണകൂടം. ‘ഈ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ വ്യോമാതിർത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും, തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും ആവർത്തിക്കുന്നു’ – താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തിൽ പോസ്‌റ്റു ചെയ്‌ത പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്‌ക്, കുനാർ പ്രവിശ്യകളിൽ പാകിസ്ഥാൻ സേന നടത്തിയ വ്യോമാക്രമണങ്ങൾ, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും സബീഹുള്ള കുറ്റപ്പെടുത്തി.

അഫ്‌ഗാനിസ്ഥാനിൽ ചൊവ്വാഴ്‌ച പുലർച്ചെ മൂന്നു മണിയോടെ പാക്കിസ്‌ഥാൻ നടത്തിയ ബോംബിങ്ങിൽ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ് സ്‌ഥിരീകരിച്ചു. ഇത്തരം ആക്രമണങ്ങൾക്ക് പാക്കിസ്ഥാന്റെ നിയന്ത്രണത്തിൽ നിൽക്കാത്ത തരത്തിൽ വളരെ മോശമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും സബീഹുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top