
നൈജീരിയയിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ട് വീടുകളിൽ തിരിച്ചെത്തി. 12 അധ്യാപകരടക്കം 265 പേരെക്കുറിച്ച് വിവരമില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് 50 കുട്ടികൾക്കു രക്ഷപ്പെടാനായതെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ നൈജർ സംസ്ഥാന അധ്യക്ഷനും സ്കൂളിന്റെ പ്രൊപ്രൈറ്ററുമായ റവ. ബുലുസ് ദൗവ യോഹന്ന പറഞ്ഞു.
നൈജീരിയയിലെ കാത്തലിക് സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയവരെ ഉടൻ മോചിപ്പിക്കണമെന്ന് ലിയോ മാർപാപ്പ അഭ്യർഥിച്ചു. വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ കുർബാനയ്ക്കൊടുവിൽ നൈജീരിയയിലും കാമറൂണിലും സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകുന്നതു പതിവാകുന്നതിനെക്കുറിച്ച് മാർപാപ്പ പരാമർശിച്ചു. നൈജീരിയയിൽ ക്രിസ്ത്യൻ വിഭാഗക്കാരുടെ നേർക്കുള്ള അക്രമങ്ങൾ തടയാൻ യുഎസ് ഭരണകൂടം വിപുലമായ പദ്ധതി തയാറാക്കുകയാണെന്നാണു റിപ്പോർട്ടുകൾ.