
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്ബ്രേക്ക് സ്ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ 9 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയിൽ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം റുവാണ്ടയിലും മാർബഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പഴംതീനി വവ്വാലുകൾ കഴിഞ്ഞിരുന്ന ഗുഹയിൽ നടത്തിയ ഖനന പ്രവർത്തനത്തിനിടെയാണ് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്ന് അന്നു കണ്ടെത്തിയിരുന്നു. എബോളക്ക് സമാനമാണ് മാർബഗ് വൈറസും. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന വൈറസ്, രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ് പകരുന്നത്. രോഗാണുക്കളുള്ള പ്രതലങ്ങളിലൂടെയും പകരാം. അടുത്ത കാലത്ത് മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലൊന്നും വൈറസ് ബാധയുണ്ടായിട്ടില്ല.