
ബംഗ്ലദേശിൽനിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദ് തയാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ വിവരം. പാക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകരർ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് പദ്ധതിയൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബംഗ്ലദേശിനെ ഒരു പുതിയ ലോഞ്ച് പാഡായി വളർത്തിയെടുക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന. ഒക്ടോബർ 30ന് പുറത്തുവന്ന ഒരു വിഡിയോയിൽ ഇതുസംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു.
‘‘ഹാഫിസ് സയീദ് വെറുതേ ഇരിക്കുകയല്ല. ബംഗ്ലദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുകയാണ്’’– എന്നായിരുന്നു ആ വിഡിയോയിൽ ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫിന്റെ പ്രസ്താവന. ‘‘കിഴക്കൻ പാക്കിസ്ഥാനിൽ (ബംഗ്ലദേശ്) ലഷ്കറിന്റെ പ്രവർത്തകർ സജ്ജരാണ്. ഇന്ത്യയ്ക്ക് മറുപടി കൊടുക്കാൻ (ഓപ്പറേഷൻ സിന്ദൂറിന് മറുപടി) തയാറെടുക്കുന്നു’’ – വിഡിയോയിൽ പറയുന്നു. യുവാക്കളെ സംഘടിപ്പിക്കാൻ സയീദ് തന്റെ അടുത്ത അനുയായിയെ ആണ് ബംഗ്ലദേശിലേക്കു വിട്ടിരിക്കുന്നതെന്നും ഭീകര പരിശീലനം നൽകുന്നുണ്ടെന്നും തുടർന്ന് ഇയാൾ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ യുദ്ധത്തിന് രംഗത്തിറങ്ങാൻ സെയ്ഫ് ആഹ്വാനം ചെയ്യുന്നതും വിഡിയോയിൽ ഉണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.