ublnews.com

‍കനത്ത മഴ; കിഴക്കൻ നേപ്പാളിൽ വൻ നാശനഷ്ടം, 52 മരണം

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കിഴക്കൻ നേപ്പാളിൽ വലിയ നാശനഷ്ടം. ഇവിടെ മാത്രം 52 പേർ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേരെ കാണാതായതിനാൽ സായുധ പൊലീസ് സേനയും (എപിഎഫ്) ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴയിലാണ് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിച്ചത്. ദുരന്തത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

നേപ്പാളിലെ ഇലാം ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇലാം ജില്ലയിൽ മാത്രം 37 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡ്യൂമൈ, മൈജോഗ്മൈ, ഉദയപുർ എന്നിവിടങ്ങളിലും ആളപായം സംഭവിച്ചിട്ടുണ്ട്. റസുവ ജില്ലയിലെ ലാങ്‌ടാങ് കൺസർവേഷൻ ഏരിയയിൽ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നാല് പേരെ കാണാതായി. ഇലാം, ബാര, കഠ്മണ്ഡു ജില്ലകളിലാണ് കൂടുതൽ ആളുകളെ കാണാതായത്. ലാങ്‌ടാങ്ങിൽ 16 പേരടങ്ങുന്ന ഒരു ട്രെക്കിങ് സംഘത്തിലെ നാല് പേരെ കനത്ത മഴയ്ക്കിടെ കാണാതായി. കോശി, മാധേഷ്, ബാഗ്മതി, ഗന്ധകി, ലുംബിനി എന്നീ അഞ്ച് പ്രവിശ്യകളിലും കനത്ത മഴയാണ് പെയ്യുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് കഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര വിമാന സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top