
റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് തുടർച്ചയായി ഉന്നതതല യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതിനെ തുടർന്ന് അഭ്യൂഹങ്ങൾ ശക്‌തം. അണുവായുധ പരീക്ഷണം പൂർണതോതിൽ പുനരാരംഭിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രഖ്യാപനത്തിനു പിന്നാലെ നടന്ന റഷ്യൻ സുരക്ഷാ കൗൺസിൽ യോഗത്തിലും സെർഗെയ് ലാവ്റോവ് പങ്കെടുക്കത്തതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ ശക്‌തമായത്. സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്ന ഏക സ്‌ഥിരം പ്രതിനിധിയാണ് ലാവ്റോവ്.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ നടക്കാനിരുന്ന കൂടിക്കാഴ്‌ച റദ്ദാക്കിയതിനു പിന്നാലെയാണ് പ്രധാന ചർച്ചകളിൽ ലാവ്റോവ് പങ്കെടുക്കാതായതെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായുള്ള ഫോൺ സംഭാഷണത്തിൽ ലാവ്റോവിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് – പുട്ടിൻ കൂടിക്കാഴ്‌ച റദ്ദാക്കാൻ ഇടയാക്കിയതെന്നും ഇതാണ് പുട്ടിൻ – ലാവ്റോവ് അകൽച്ചയ്‌ക്ക് ഇടയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.