
ഹമാസിന്റെ ബന്ദിയായിരിക്കെ മരിച്ച ഒരു ഇസ്രയേലുകാരന്റെ മൃതദേഹം കൈമാറിയതിനു പിന്നാലെ ഇസ്രയേൽ സേനയുടെ കസ്റ്റഡിയിൽ മരിച്ച 15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ അവർ വിട്ടുകൊടുത്തു. സർജന്റ് ഇതായ് ഷെന്നിന്റെ മൃതദേഹമാണ് ഹമാസ് കൈമാറിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രയുടെ ഓഫിസ് അറിയിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ 21 പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ മാസം 10ന് വെടിനിർത്തൽ നടപ്പിലായശേഷം ഇസ്രയേലിനു കൈമാറിയിട്ടുണ്ട്.
ഇനിയും 7 മൃതദേഹങ്ങൾ കൂടി ലഭിക്കാനുണ്ടെന്നും മുഴുവൻ മൃതദേഹങ്ങളും കൈമാറാതെ വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കില്ലെന്നും ഇസ്രയേൽ പറയുന്നു. പലസ്തീൻകാരുടെ 285 മൃതദേഹങ്ങൾ റെഡ്ക്രോസ് മുഖേന ഇസ്രയേലും കൈമാറിയിട്ടുണ്ട്. ഇതേസമയം, ഗാസയിൽ 2 വർഷത്തേക്ക് രാജ്യാന്തരസേനയെ നിയോഗിക്കുന്നതിന് യുഎൻ അനുമതി തേടുന്ന കരടു പ്രമേയം തയാറാക്കി യുഎസ് മറ്റു രാജ്യങ്ങളുടെ പരിഗണനയ്‌ക്കു കൈമാറി.