
പ്രചാരണത്തിനായി അന്തരിച്ച ലിബിയന്‍ സ്വേച്ഛാധിപതി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് സാമ്പത്തികസഹായം തേടിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ജയിലില്‍ ഹാജരായി. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനായാണ് അദ്ദേഹം ജയിലില്‍ പ്രവേശിച്ചത്. ഇതോടെ, ജയിലിലാകുന്ന ആദ്യത്തെ ഫ്രഞ്ച് മുന്‍ പ്രസിഡന്റായി സര്‍ക്കോസി. പാരീസിലെ മൊണ്ട്പാര്‍നാസെ ജില്ലയിലുള്ള ലാ സാന്റേ ജയിലിലാണ് സര്‍ക്കോസി ശിക്ഷ അനുഭവിക്കേണ്ടത്. പ്രദേശിക സമയം രാവിലെ 09:40 നാണ് അദ്ദേഹം ജയിലില്‍ ഹാജരായത്.
ജയിലിലെ മറ്റ് തടവുകാര്‍ മയക്കുമരുന്ന് കച്ചവടക്കാരോ, ഭീകരവാദ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരോ ആയതിനാല്‍ സുരക്ഷയെ കരുതി സര്‍ക്കോസിയെ ജയിലിന്റെ ഐസൊലേഷന്‍ വിഭാഗത്തിലാണ് പാര്‍പ്പിക്കുക. ഏകാന്ത തടവിന് തുല്യമാണിത്. ജയിലില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായി ഒരു ടോയ്ലെറ്റ്, കുളിക്കാനായി ഷവര്‍, മേശ, ഒരു ചെറിയ ഇലക്ട്രിക് ഹോബ്, ഒരു ചെറിയ ടിവി എന്നിങ്ങനെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ലഭിക്കു. ടി.വി ഉപയോഗിക്കുന്നതിന് പ്രതിമാസം 14 യൂറോ ഫീസ് അടയ്ക്കണം. എല്ലാദിവസവും ഒരുമണിക്കൂര്‍ വ്യായാമത്തിന് വേണ്ടി മാത്രമാകും അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കു.
ശിക്ഷയ്ക്കെതിരെ സര്‍ക്കോസി അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം ഇപ്പോഴും നിരപരാധിയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ജയിലില്‍ പ്രവേശിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. പാരീസിലെ വീട്ടില്‍ നിന്ന് ഭാര്യ കാര്‍ള ബ്രൂണിയോടൊപ്പമാണ് സർക്കോസി ജയിലിലേക്ക് പുറപ്പെട്ടത്. വീട്ടില്‍ നിന്ന് ഇറങ്ങിയ സര്‍ക്കോസിക്ക് അഭിവാദ്യം അര്‍പ്പിച്ച് നിരവധി അനുയായികള്‍ വീടിനുമുന്നില്‍ കാത്തുനിന്നിരുന്നു.