ublnews.com

എച്ച്-1ബി വിസ; 100,000 ഡോളർ ഫീസ് നല്‍കേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം

നിലവില്‍ അമേരിക്കയിലുള്ള എച്ച്-1ബി സ്റ്റാറ്റസിനായി സ്‌പോണ്‍സര്‍ ചെയ്യപ്പെട്ട അന്താരാഷ്ട്ര ബിരുദധാരികള്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ 100,000 ഡോളറിന്റെ ഭീമമായ ഫീസ് നല്‍കേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് പ്രഖ്യാപനം.

എഫ്-1 സ്റ്റുഡന്റ് വിസ ഉടമകള്‍, എല്‍-1 ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫറികള്‍, വിസ പുതുക്കുന്നതിനോ നീട്ടുന്നതിനോ അപേക്ഷിക്കുന്ന നിലവിലെ എച്ച്-1ബി വിസക്കാര്‍ എന്നിവരുള്‍പ്പെടെ സാധുവായ വിസയില്‍ ഇതിനകം യുഎസില്‍ ഉള്ള ആര്‍ക്കും 100,000 ഡോളര്‍ ഫീസ് ബാധകമാകില്ലെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

മുമ്പ് നല്‍കിയിട്ടുള്ളതും നിലവില്‍ സാധുതയുള്ളതുമായ എച്ച്-1ബി വിസകള്‍ക്കോ, 2025 സെപ്റ്റംബര്‍ 21-ന് പുലര്‍ച്ചെ 12:01-ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്കോ ഫീസ് വര്‍ധന ബാധകമല്ലെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. എച്ച്-1ബി ഉടമകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യാനും പുറത്തുപോകാനും കഴിയുമെന്നും പ്രസ്താവനയിലുണ്ട്. ഫീസ് പ്രഖ്യാപനത്തിന് ശേഷം ഉയര്‍ന്നുവന്ന ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. എഫ്-1 വിസയില്‍ നിന്ന് എച്ച്-1ബി ജോലിയിലേക്ക് മാറുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളെപ്പോലെ സ്റ്റാറ്റസ് മാറ്റത്തിനായി അപേക്ഷിക്കുന്ന നിലവിലുള്ള വിദേശ പൗരന്മാര്‍ക്കും പുതിയ ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് USCIS സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top