
റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്ന് ജയിക്കാനാവുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുക്രെയ്ന് വിജയിക്കാനാവുമെന്നാണ് താൻ കരുതുന്നതെങ്കിലും അത് സംഭവിക്കുമോ എന്ന് സംശയമാണെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അടുത്തയാഴ്ച ഹംഗറിയിലെ ബുഡാപെസ്റ്റിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. ‘അവർക്കിപ്പോഴും ജയിക്കാനാവും. പക്ഷേ അവർ ജയിക്കുമെന്ന് ഞാൻ കരുതുന്നില്ല,’ – ട്രംപ് പറഞ്ഞു. തിങ്കളാഴ്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി കൂടിക്കാഴ്ചയാരംഭിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കണ്ടാപ്പോഴായിരുന്നു ട്രംപിന്റെ പരാമർശം.
തന്റെ ദീർഘകാല നിലപാട് തിരുത്തിയ ട്രംപ് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കേണ്ടിവരുമെന്നും റഷ്യക്ക് നഷ്ടപ്പെട്ട എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കാമെന്നും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച പുടിനുമായി നീണ്ട സംഭാഷണത്തിനും യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചക്കും പിന്നാലെ ഇരുരാജ്യങ്ങളോടും ‘നിലവിൽ എവിടെയെത്തിയോ അവിടെ’ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഹ്വാനം ചെയ്തിരുന്നു.
തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ, യുക്രെയ്‌നിന്റെ കിഴക്കൻ ഡൊണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖല മുഴുവനായും വിട്ടുകൊടുക്കണമെന്ന പുടിന്റെ ആവശ്യത്തിൽ മാറ്റമില്ലെന്ന് ട്രംപ് അറിയിച്ചതായി സെലെൻസ്‌കി പറഞ്ഞു. ദീർഘദൂര ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾക്കായുള്ള അഭ്യർത്ഥന നിരസിച്ചെങ്കിലും കൂടിക്കാഴ്ചയെ തികച്ചും പോസിറ്റീവായിരുന്നുവെന്നും സെലൻസ്കി പറഞ്ഞു.
നേരത്തെ, യുക്രെയ്നിന് ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ നൽകിയേക്കുമെന്ന രീതിയിൽ പ്രതികരിച്ചെങ്കിലും പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ ട്രംപ് നിലപാട് മാറ്റുകയായിരുന്നു