
പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം തനിക്ക് നിഷ്പ്രയാസം പരിഹരിക്കാനാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ ഭരണകാലത്ത് നിരവധി ലോകയുദ്ധങ്ങൾ പരിഹരിച്ചതായും ട്രംപ് പ്രസ്താവിച്ചു.
വൈറ്റ് ഹൗസിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായുള്ള ഉച്ചഭക്ഷണത്തിനിടെ സംസാരിക്കവെ മേഖലയിലെ സമീപകാല സംഘർഷങ്ങളെക്കുറിച്ച് ട്രംപ് പരാമർശിച്ചു. “പാകിസ്താനും അഫ്ഗാനിസ്ഥാനുമായി സംഘർഷം നടക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. എനിക്ക് പരിഹരിക്കണമെന്നുണ്ടെങ്കിൽ, അത് വളരെ എളുപ്പമുള്ള ഒന്നാണ്. അതേസമയം, എനിക്ക് യുഎസ് ഭരിക്കേണ്ടതുണ്ട്. പക്ഷേ യുദ്ധങ്ങൾ പരിഹരിക്കുന്നത് എനിക്കിഷ്ടമാണ്. എന്തുകൊണ്ടെന്നറിയാമോ? ആളുകൾ കൊല്ലപ്പെടുന്നത് തടയാൻ ഞാൻ ഇഷ്ടപ്പെടുന്നു, ഞാൻ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചിട്ടുണ്ട്.” ട്രംപ് പറഞ്ഞു.
പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുകയും 48 മണിക്കൂർ നീണ്ട വെടിനിർത്തൽ അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പരാമർശങ്ങൾ വന്നത്. എന്നിരുന്നാലും, വെടിനിർത്തൽ നീട്ടിയതായും പരിഹാരം കാണുന്നതിനായി ഇരുപക്ഷവും ദോഹയിൽ കൂടിക്കാഴ്ച നടത്തുമെന്നുമാണ് റിപ്പോർട്ടുകൾ എന്നാൽ, ഡ്യൂറൻഡ് ലൈനിനോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ പല ജില്ലകളിലും ഇസ്ലാമാബാദ് വ്യോമാക്രമണം നടത്തിയതായി താലിബാൻ പറഞ്ഞു. പാകിസ്താൻ്റെ വ്യോമാക്രമണത്തെത്തുടർന്ന് വെടിനിർത്തൽ ലംഘിക്കപ്പെട്ടു എന്ന് ഉന്നത താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
യുദ്ധങ്ങൾ പരിഹരിച്ചെന്ന തൻ്റെ പഴയ അവകാശവാദവും നൊബേൽ സമാധാന സമ്മാനത്തിനായുള്ള ആഗ്രഹവും ട്രംപ് ആവർത്തിച്ചു.“ഞാൻ എട്ട് യുദ്ധങ്ങൾ പരിഹരിച്ചു. ഞങ്ങൾ പരിഹരിച്ച എല്ലാ യുദ്ധങ്ങളും നോക്കൂ, ഓരോ തവണയും ഞാൻ അത് ചെയ്യുമ്പോൾ, അടുത്തത് കൂടി പരിഹരിച്ചാൽ നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമെന്ന് അവർ പറയും. എനിക്ക് നൊബേൽ സമ്മാനം ലഭിച്ചില്ല. വളരെ നല്ല ഒരു വനിതയ്ക്ക് അത് ലഭിച്ചു. അവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ അവർ വളരെ ഉദാരമതിയാണ്. എനിക്കതിലൊന്നും താൽപര്യമില്ല. ജീവൻ രക്ഷിക്കുന്നതിൽ മാത്രമാണ് എൻ്റെ ശ്രദ്ധ.”