ublnews.com

വെനസ്വേലക്കെതിരെ പ്രകോപനം തൊടുത്ത് യു.എസ് പ്രസിഡന്റ്

ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലക്കെതിരെ പ്രകോപനം തൊടുത്തുവിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ ആഴ്ച കരീബിയൻ കടലിൽ വെ​നസ്വേലൻ കപ്പലിനുനേർക്ക് അമേരിക്ക ആക്രമണം നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചു. ഇത് വെനിസ്വേലയുമായുള്ള സംഘർഷം കൂടുതൽ വഷളാക്കി.

കഴിഞ്ഞ ദിവസം യുക്രേനിയൻ പ്രസിഡന്റ് ​ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ, കപ്പൽ ആക്രമണത്തിൽ അതിജീവിച്ചവരെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ടാണ് ട്രംപ് ആക്രമണത്തെക്കുറിച്ചുള്ള തന്റെ ആദ്യ പ്രസ്താവനകൾ നടത്തിയത്. വെനിസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് തടയാനുള്ള ശ്രമമായാണ് ട്രംപ് ഭരണകൂടം അടുത്തിടെ തുടങ്ങിയ സൈനിക ആക്രമണങ്ങളെ ചിത്രീകരിക്കുന്നത്.

മയക്കുമരുന്നിനെതിരായെന്ന് അവകാശപ്പെട്ടുള്ള മറ്റ് അഞ്ച് ആക്രമണങ്ങളും ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചു. അവയിൽ 28 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.

‘ഞങ്ങൾ ഒരു അന്തർവാഹിനിയെ ആക്രമിച്ചു. വൻതോതിൽ മയക്കുമരുന്ന് കൊണ്ടുപോകുന്നതിനായി പ്രത്യേകം നിർമിച്ച അന്തർവാഹിനിയായിരുന്നു അത്’ -ട്രംപ് പറഞ്ഞു. എന്നാൽ, അത് ഏതുതരം കപ്പലാണെന്നോ എന്താണ് കൊണ്ടുപോകുന്നതെന്നോ തെളിവുകളൊന്നും നൽകാൻ തയ്യാറായില്ല.

പുതിയ ആക്രമണത്തിന്റെ റിപ്പോർട്ട് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 2 ന് കരീബിയനിൽ യു.എസ് ബോംബാക്രമണ പരമ്പര ആരംഭിച്ചതിനുശേഷം അതിജീവിച്ചവരെക്കുറിച്ചുള്ള സൂചനകൾ അടക്കമായിരുന്നു അത്.

അതിജീവിച്ച രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടു​ണ്ടെന്നും അവരെ പ്രോസിക്യൂട്ട് ചെയ്യുമോ എന്നത് വ്യക്തമല്ലെന്നും സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നുവെന്നും പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ സംസാരിച്ച പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ യു.എസിലെ വാർത്താ ഏജൻസികളോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top