
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി വൈറ്റ് ഹൗസിൽ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചത്. പുട്ടിനുമായുള്ള ചർച്ചകളിൽ കാര്യമായ മുന്നേറ്റമുണ്ടായതായി ട്രംപ് പറഞ്ഞു.
യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ താനും പുട്ടിനും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നു ട്രംപ് പറഞ്ഞു. ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. നേരത്തെ, വിഷയത്തിൽ ഇരുനേതാക്കളും ഓഗസ്റ്റ് 15ന് അലാസ്ക്കയിൽ ചർച്ച നടത്തിയിരുന്നു. ഗാസയിൽ സമാധാനക്കരാർ കൊണ്ടുവന്നതിൽ പുട്ടിൻ തന്നെ അഭിനന്ദിച്ചതായി ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാനം യുക്രെയ്ൻ–റഷ്യ സംഘർഷം അവസാനിപ്പിക്കുന്നതിനും സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.