
യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അംഗീകരിക്കാൻ തയ്യാറാവാതെ ഡസൻ കണക്കിന് റിപ്പോർട്ടർമാർ പെന്റഗണിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഇതെത്തുടർന്ന് അമേരിക്കയിലെ എല്ലാ പ്രധാന മാധ്യമ സ്ഥാപനങ്ങളിൽ നിന്നുമുള്ള പെന്റഗൺ റിപ്പോർട്ടർമാരുടെ ബാഡ്ജുകൾ പ്രതിരോധ വകുപ്പ് കണ്ടുകെട്ടിയെന്ന് പെന്റഗൺ പ്രസ് അസോസിയേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ദേശീയ സുരക്ഷാ റിപ്പോർട്ടിങ്ങിനെ കുറ്റകൃത്യമാക്കുമെന്നും അതിൽ ഉൾപ്പെടുന്നവരെ പ്രോസിക്യൂഷന് വിധേയമാക്കുമെന്നുമുള്ള പരോക്ഷമായ ഭീഷണിയെത്തുടർന്ന് റിപ്പോർട്ടർമാർ പുതിയ മാധ്യമ നയത്തിൽ ഒപ്പിടില്ല എന്ന് തീരുമാനിച്ചതിനാലാണ് ഈ നടപടി.
പതിറ്റാണ്ടുകളായി പെന്റഗൺ കെട്ടിടത്തിൽ ജോലി ചെയ്തുവരുന്ന ചില മാധ്യമപ്രവർത്തകർ അവരുടെ സ്വകാര്യ തൊഴിൽ സാമഗ്രികളുമായി പോകുന്ന ദൃശ്യങ്ങൾ ഫോട്ടോകളിൽ കാണിച്ചു.
‘യു.എസ് സൈന്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പെന്റഗൺ പ്രസ് അസോസിയേഷന്റെ അംഗങ്ങൾ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഇന്ന് 2025 ഒക്ടോബർ 15. പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട ദിനമാണിത്. ഭരണത്തിലെ സുതാര്യത, പെന്റഗണിലെ പൊതു ഉത്തരവാദിത്തം, സർവർക്കും അഭിപ്രായ സ്വാതന്ത്ര്യം എന്നിവക്കുള്ള യു.എസ് പ്രതിബദ്ധത ദുർബലമാകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഞങ്ങൾ ഉയർത്തുന്നു’വെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.