
രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിൽ 48 മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ ധാരണയിലെത്തി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. വൈകിട്ട് 6.30 ഓടെ വെടിനിർത്തൽ നിലവിൽ വന്നു. ഇന്ന് ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണു വെടിനിർത്താൻ തീരുമാനം. ഇരുപക്ഷവും പ്രശ്നപരിഹാരത്തിനു സംഭാഷണങ്ങളിലൂടെ ആത്മാർഥമായ ശ്രമം നടത്തുമെന്നു പാക്കിസ്ഥാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാനാണു വെടിനിർത്തലിന് ആവശ്യപ്പെട്ടതെന്നു പാക്കിസ്ഥാൻ പറയുന്നു. അതേസമയം, വെടിനിർത്തലിനെ കുറിച്ചോ ആരാണ് ആദ്യം ആവശ്യപ്പെട്ടതെന്ന കാര്യത്തെ കുറിച്ചോ അഫ്ഗാനിസ്ഥാൻ പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ– പാക് അതിർത്തിയിൽ ഇന്നു രാവിലെയുണ്ടായ ശക്തമായ വെടിവെപ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്റ്റുകളും ടാങ്കും പിടിച്ചെടുത്തിരുന്നു.