ublnews.com

ഫ്രാൻസിലെ പ്രധാനമന്ത്രിയായി രണ്ടാമതും സെബാസ്റ്റ്യൻ ലെകോർണുവിനെ നിയമിച്ചു

രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്ന ഫ്രാൻസിലെ പ്രധാനമന്ത്രിയായി രണ്ടാമതും സെബാസ്റ്റ്യൻ ലെകോർണുവിനെ നിയമിച്ചു. രാജിവെച്ച് നാല് ദിവസത്തിന് ശേഷമാണ് ലെകോർണു വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുന്നത്. ദിവസങ്ങളോളം നീണ്ട വാശിയേറിയ ചർച്ചകൾക്കും മാക്രോണും പാർട്ടി നേതാക്കളും തമ്മിലുള്ള രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്കും ശേഷമാണ് തീരുമാനം.

വീണ്ടും പ്രധാനമന്ത്രി ചുമതലയേറ്റ ലെകോർണു തന്‍റെ ദൗത്യം കടമയായി കാണുന്നുവെന്നും, രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുമെന്നും, രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകുമെന്നും വ്യക്തമാക്കി. പുതിയ മന്ത്രിസഭയിൽ ചേരുന്നവർ 2027ലെ പ്രസിഡന്‍റ് സ്ഥാനമോഹങ്ങൾ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2024 ജൂണിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പാർലമെന്റ് പിരിച്ചുവിട്ടതിനെത്തുടർന്ന് രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു ഫ്രാൻസ്. ഇതോടെ ഫ്രഞ്ച് പാർലമെന്‍റ് ഭിന്നിച്ച് ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലെത്തി. ഭരണത്തിന് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഫ്രാൻസിന്‍റെ വർധിച്ചുവരുന്ന കടക്കെണി പരിഹരിക്കാനുള്ള നിർണായക ബഡ്ജറ്റ് പാസാക്കാൻ പാർലമെന്‍റിന് കഴിഞ്ഞിട്ടില്ല.

അതേസമയം ചെലവുചുരുക്കലിന് നിർദേശിക്കപ്പെട്ട നടപടികൾ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. പൊതു കടം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ വർഷം അവസാനത്തോടെ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം നേടുക എന്ന അടിയന്തര ദൗത്യം ലെകോർണുവിനുണ്ട്. ഇത് ഫ്രാൻസിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് അത്യാവശ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top