
ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽവന്നതോടെ ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ഗാസയിലെ പല പ്രദേശങ്ങളിലായി കഴിയുന്ന പതിനായിരക്കണക്കിനു പലസ്തീൻകാർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഗാസയിലെ ഏതാനും സ്ഥലങ്ങളിൽ സാന്നിധ്യം തുടരുമെന്ന് അറിയിച്ച ഇസ്രയേൽ സൈന്യം, തങ്ങളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്തിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും.
അതിനിടെ, ഇന്നലെ വൈകിട്ട് അവസാനിച്ച 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 17 പേർ കൊല്ലപ്പെട്ടു. മുൻപ് കൊല്ലപ്പെട്ട 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. ഗാസയിലേക്ക് ഉടൻ സഹായമെത്തിയില്ലെങ്കിൽ കുട്ടികളുടെ കൂട്ടമരണം സംഭവിക്കുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി. കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചതിനു പിന്നാലെ പിന്നാലെ ഗാസ സമയം ഉച്ചയ്ക്ക് 12നാണ് വെടിനിർത്തൽ നിലവിൽവന്നത്.