ublnews.com

ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ്

രണ്ടുവര്‍ഷം പിന്നിടുന്ന ഗാസായുദ്ധം തീര്‍ക്കുക ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ്. പിന്നാലെ ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.

‘ഹമാസ് ഇപ്പോള്‍ പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ശാശ്വതമായ ഒരു സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണം.’ ട്രംപ് ദ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന് അന്ത്യശാസനം നല്‍കിയിരുന്നു.

അതേസമയം, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും യുഎസ് സമാധാന പദ്ധതിയില്‍ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

‘കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍, പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോര്‍മുല അനുസരിച്ച്, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാന്‍’ തയ്യാറാണെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top