
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം നൽകാത്തതിൽ വിമർശനവുമായി വൈറ്റ്ഹൗസ്. നൊബേൽ കമ്മിറ്റി സമാധാനത്തേക്കാൾ രാഷ്ട്രീയത്തെ പരിഗണിച്ചതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. യുദ്ധങ്ങൾ അവസാനിപ്പിക്കാനും ജീവനുകൾ രക്ഷിക്കാനും ഡോണൾഡ് ട്രംപ് സമാധാന കരാറുകളുമായി മുന്നോട്ടുപോകും. മനുഷ്യത്വമുള്ള വ്യക്തിയാണ് ട്രംപെന്നും വക്താവ് പറഞ്ഞു. തനിക്കു നൊബേൽ സമ്മാനത്തിന് അർഹതയുണ്ടെന്നും, 7 യുദ്ധങ്ങളാണ് അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
‘‘എല്ലാവരും പറയുന്നു എനിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്ന്’’– കഴിഞ്ഞ മാസം അവസാനം യുഎൻ പ്രതിനിധികളോടായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. 2018 മുതൽ യുഎസിനകത്തും വിദേശത്തുമുള്ള രാഷ്ട്രീയക്കാർ ട്രംപിനെ ഒട്ടേറെ തവണ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഇത്തവണ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പാക്കിസ്ഥാൻ സർക്കാരും ട്രംപിനു നൊബേൽ സമ്മാനം നൽകണമെന്ന് നിർദേശിച്ചിരുന്നു