
താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികൾ അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ നശിച്ചുവെന്നും അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയതായി പാക്ക് വാർത്താ ഏജൻസിയായ ഡോൺ റിപ്പോർട്ട് ചെയ്തു.
ഒറാക്സായി ജില്ലയിൽ നിരോധിത സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാനുമായുള്ള (ടിടിപി) ഏറ്റുമുട്ടലിൽ ഒരു ലെഫ്റ്റനന്റ് കേണലും ഒരു മേജറും ഉൾപ്പെടെ 11 പാക്ക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ ഇസ്ലാമാബാദ് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഖ്വാജ ആസിഫ് സൂചന നൽകി.