
ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ പതനത്തിനുശേഷം സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേത്വത്തിൽ രൂപവത്കരിച്ച ഇടക്കാല സർക്കാറിലും ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഇടക്കാല സർക്കാറിലെ നേതാക്കൾ സുരക്ഷിതമായി പുറത്തു കടക്കാനുള്ള വഴികൾ തേടുകയാണെന്ന നാഷനൽ സിറ്റിസൺ പാർട്ടി(എൻ.സി.പി)യുടെ അവകാശവാദങ്ങൾ മുതിർന്ന ഉപദേഷ്‍ടാവ് തള്ളിക്കളഞ്ഞു.
താൻ ഒരുതരത്തിലുള്ള പുറത്തുകടക്കലിനും ആഗ്രഹിക്കുന്നില്ലെന്നാണ് പരിസ്ഥി, കാലാവസ്ഥ വ്യതിയാന ഉപദേഷ്‍ടാവ് സയ്യിദ റിസ്‍വാന ഹസൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. എൻ.സി.പി നേതാക്കൾ അവരുടെ ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട റിസ്‍വാന താൻ തന്റെ ശിഷ്ടകാലം ബംഗ്ലാദേശിൽ തന്നെ ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. സർക്കാറിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ ചില ഉപദേഷ്ടാക്കൾ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തുകയാണെന്ന് എൻ.സി.പി കൺവീനർ നാഹിദ് ഇസ്‍ലാം ആണ് അവകാശപ്പെട്ടത്.