ublnews.com

ആക്രമണം നിര്‍ത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഇസ്രയേല്‍

ആക്രമണം നിര്‍ത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഇസ്രയേല്‍. ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഗാസാ സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ ഒരുവീട്ടിലുണ്ടായിരുന്ന നാലുപേരാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു. ഖാന്‍ യൂനിസിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രംപിന്റെ ഗാസാ സമാധാനകരാറിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന് കഴിഞ്ഞദിവസം ഹമാസ് സമ്മതിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയക്കാമെന്നും ഹമാസ് സമ്മതിച്ചു. ഇതിനുപിന്നാലെയാണ് ഇസ്രയേല്‍ ബോംബാക്രമണം നിര്‍ത്തണമെന്ന് ട്രംപ് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ട്രംപിന്റെ ഈ നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.

ട്രംപിന്റെ പദ്ധതി അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഗാസയിലെ സൈനിക നടപടികള്‍ കുറയ്ക്കാനായി സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. ഇതിനിടെയാണ് ഗാസയില്‍ വീണ്ടും ആക്രമണം നടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top