ublnews.com

യുഎസ് കപ്പൽപ്പട പശ്ചിമേഷ്യൻ മേഖലയിലേക്ക് നീങ്ങിയതോടെ മേഖല യുദ്ധഭീതിയിൽ

യുഎസ് കപ്പൽപ്പട പശ്ചിമേഷ്യൻ മേഖലയിലേക്ക് നീങ്ങിയതോടെ മേഖല യുദ്ധഭീതിയിൽ. സൈനിക നടപടിക്ക് സാധ്യത വർധിച്ചതോടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഭൂഗർഭ ബങ്കറിലേക്ക് മാറിയതായാണ് റിപ്പോർട്ട്. ഖമനയിയുടെ മൂന്നാമത്തെ മകനായ മസൂദ് ഖമനയി, പിതാവിന്റെ ഓഫിസിന്റെ നിയന്ത്രണം ഏറ്റെടുത്തതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഖമനയി ടെഹ്‌റാനിലെ ഒരു സുരക്ഷിത ഭൂഗർഭ അഭയകേന്ദ്രത്തിലേക്ക് മാറിയതെന്ന് ഇറാൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തു.

യുഎസ് നാവിക ‘അർമാഡ’ പശ്ചിമേഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചാൽ മേഖലയ്ക്ക് സമീപം യുഎസ് യുദ്ധക്കപ്പലുകൾ വിന്യസിക്കുമെന്ന് എയർഫോഴ്‌സ് വണ്ണിൽ വച്ച് സംസാരിച്ച ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും നിരവധി ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ മേഖലയിലേക്ക് എത്തുമെന്നുമാണ് സൂചന.

അതേസമയം യുഎസിന് മുന്നറിയിപ്പുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ രംഗത്തെത്തി. പരമോന്നത നേതാവിന്റെ ഉത്തരവുകൾ നടപ്പിലാക്കാൻ ഇറാൻ സൈന്യം എക്കാലത്തും സജ്ജമാണെന്നും ഏതൊരു ആക്രമണത്തെയും യുദ്ധമായി കണക്കാക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ സാധ്യമായ ഏറ്റവും കഠിനമായ രീതിയിൽ തന്നെ പ്രതികരിക്കുമെന്നും ഒരു മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top