
പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിലെ ഒരു വിവാഹ ആഘോഷത്തിനിടെ ചാവേർ സ്ഫോടനം. വെള്ളിയാഴ്ച രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രവിശ്യയിലെ ഒരു സമാധാന സമിതി അംഗമായ നൂർ ആലം മെഹ്സൂദിന്റെ വസതിയിലാണ് ചാവേർ സ്ഫോടനം നടന്നത്. ആക്രമണം നടക്കുമ്പോൾ വിവാഹ ആഘോഷത്തിന്റെ ഭാഗമായി അതിഥികൾ നൃത്തം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ മുറിയുടെ മേൽക്കൂര പൂർണമായും തകർന്നു,
സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ സമാധാന സമിതി നേതാവ് വഹീദുള്ള മെഹ്സൂദ് എന്ന ജിഗ്രി മെഹ്സൂദും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി സ്ഫോടനത്തെ ശക്തമായി അപലപിച്ചു. ഈ മാസം മേഖലയിലെ ബന്നുവിൽ സമാധാന സമിതിയിലെ നാല് അംഗങ്ങളെ സായുധരായ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. 2025 നവംബറിൽ, ബന്നുവിലെ സമാധാന സമിതി ഓഫിസ് ആക്രമിക്കപ്പെടുകയും ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.