
ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് ക്രെയിൻ വീണ് 28 മരണം. പ്രദേശിക സമയം 2 മണിക്കായിരുന്നു അപകടം. 195 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ 80 പേർക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബാങ്കോക്കിൽ നിന്ന് ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.
നഖോൺ രത്ചസിമ പ്രവിശ്യയിലെ നോങ് നാം ഖുൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തവേ ക്രെയിൻ ട്രെയിനിനു മുകളിലേക്ക് വീഴുകയായിരുന്നു. തായ്ലൻഡിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കായാണ് ക്രെയിൻ സ്ഥാപിച്ചിരുന്നത്. അപകടത്തിൽ ട്രെയിനിന്റെ ചില കോച്ചുകൾ പാളം തെറ്റുകയും മറ്റൊരു കോച്ചിന് തീപിടിക്കുകയും ചെയ്തു.
വിദ്യാർഥികളും തൊഴിലാളികളുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിനു കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് തായ്ലൻഡ് അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് മേഖലയിലെ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ചില ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. യാത്ര മുടങ്ങിയവർക്ക് പണം തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.