
ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 26 വയസ്സുകാരനായ ഇർഫാൻ സോൾട്ടാനിയുടെ വധശിക്ഷ ഇന്ന് തന്നെ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് ഇർഫാൻ സോൾട്ടാനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പത്ത് മിനിറ്റ് നേരം അനുവദിക്കും. പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ വ്യാഴാഴ്ച അധികൃതർ പിടികൂടിയ ഇർഫാൻ സോൾട്ടാനിയെ അതിവേഗം വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
വസ്ത്രവ്യാപാരിയായ ഇർഫാൻ സെൻട്രൽ ഇറാനിലെ ഫാർഡിസിൽ നിന്നുള്ളയാളാണ്. നിലവിൽ 10,700 പേർ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 28ന് ആരംഭിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്ത ചിലരെ ഇതിനകം വെടിവച്ച് കൊലപ്പെടുത്തിയെങ്കിലും അറസ്റ്റ് ചെയ്ത് തൂക്കിലേറ്റുന്നതിനുള്ള നീക്കം നടത്തുന്നത് ഇതാദ്യമാണ്.