
വെനസ്വേലയിൽ ശനിയാഴ്ചയുണ്ടായ അമേരിക്കൻ ഓപ്പറേഷനിൽ 32 ക്യൂബൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ക്യൂബൻ സർക്കാരാണ് തങ്ങളുടെ 32 സൈനിക– പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി അറിയിച്ചത്. വെനസ്വേലയുടെ അഭ്യർഥന പ്രകാരം പ്രത്യേക ദൗത്യത്തിനായിട്ടാണ് തങ്ങളുടെ ഓഫിസർമാർ പോയതെന്നാണ് ക്യൂബ അറിയിച്ചത്. എന്നാൽ എന്താണ് ദൗത്യമെന്നു ക്യൂബ വെളിപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച രാത്രി ക്യൂബൻ സ്റ്റേറ്റ് ടിവിയിലൂടെയാണ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്.
അതേസമയം, യുഎസ് ഓപ്പറേഷനിൽ ക്യൂബക്കാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. ‘‘മറുവശത്ത് ധാരാളം മരണങ്ങളുണ്ടായി. ഞങ്ങളുടെ ഭാഗത്ത് ജീവഹാനിയുണ്ടായിട്ടില്ല’’– ട്രംപ് പറഞ്ഞു. അമേരിക്കൻ സൈന്യം പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോർക്കിലെ ജയിലിൽ അടച്ചു. ഇന്നു മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. 2020 ൽ റജിസ്റ്റർ ചെയ്ത ലഹരികടത്തുകേസിലാണു മഡുറോ വിചാരണ നേരിടുക. ഡ്രഗ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മഡുറോയുടെ ചിത്രം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു