
വെനസ്വേലയിൽ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു. പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൈനിക, സിവിലിയൻ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയതെന്ന് വെനസ്വേല അറിയിച്ചു. പ്രാദേശിക സമയം ശനിയാഴ്ച 1.50 ഓടെയാണ് സ്ഫോടനങ്ങൾ ഉണ്ടായത്. വെനസ്വേലയിലെ പ്രധാന സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് സംഭവം. സ്ഫോടനത്തിന്റെതെന്നു സംശയിക്കപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനം നടന്നതോടെ ആളുകൾ തെരുവുകളിലേക്ക് ഓടി.
ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെതിരെ നടപടികൾ കടുപ്പിച്ച ഘട്ടത്തിലാണ് ബോംബാക്രമണം നടന്നിരിക്കുന്നത്. വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. 30 ആക്രമണങ്ങളിലായി 107 പേരാണ് അന്ന് കൊല്ലപ്പെട്ടത്. നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാണ് ട്രംപിന്റെ ആവശ്യം.