
ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിങ് ചെയർമാനായ താരിഖ് റഹ്മാൻ നീണ്ട 17 വർഷത്തെ വിദേശവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി. ഭാര്യ സുബൈദ റഹ്മാന്‍, മകൾ സൈമ റഹ്മാൻ, വളർത്തുപൂച്ചയായ സീബു എന്നിവർക്കൊപ്പമാണ് യുകെയിൽനിന്ന് തിരിച്ചെത്തിയത്. താരിഖിന്റെ അമ്മയും പാർട്ടി അധ്യക്ഷയുമായ മുൻ പ്രധാനമന്ത്രി ഖാലിദ സിയ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ഫെബ്രുവരിയിലേക്കു നിശ്ചയിച്ചിട്ടുള്ള പൊതുതിരഞ്ഞെടുപ്പിൽ താരിഖ് പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നു കരുതുന്നു.
നൂറുകണക്കിനു പാർട്ടി പ്രവർത്തകരും നേതാക്കളും താരിഖിനെ സ്വീകരിക്കാനെത്തി. റോഡിലൂടെ സഞ്ചരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് വാഹനം ഏർപ്പെടുത്തിയിരുന്നു. ഇന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. താരിഖ് നാട്ടിലെത്തുന്നതു പ്രമാണിച്ച് അതീവസുരക്ഷയാണ് ഒരുക്കിയിരുന്നത്. രഹസ്യമായും പരസ്യമായും സാധ്യമായ എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചതായി ധാക്ക മെട്രോപ്പൊലിറ്റൻ പൊലീസിലെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി നസറുൽ ഇസ്‌ലാം പറഞ്ഞു. താരിഖിന്റെ പിതാവും ബംഗ്ലദേശ് മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാനാണ് ബിഎൻപി സ്ഥാപിച്ചത്.